ശ്രീനഗർ: ജമ്മു കാഷ്മീരിലെ നാലു രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് (എൻസി) മൂന്നു സീറ്റിലും ബിജെപി ഒരെണ്ണത്തിലും വിജയിച്ചു. പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശമാക്കിയശേഷം ജമ്മു കാഷ്മീൽ നടന്ന ആദ്യ രാജ്യസഭാ തെരഞ്ഞെടുപ്പാണിത്.
ആദ്യ സീറ്റിൽ എൻസിയിലെ അലി മുഹമ്മദ് മിർ വിജയിച്ചു. മിർ 58 വോട്ട് നേടിയപ്പോൾ ബിജെപി സ്ഥാനാർഥിക്ക് 28 പാർട്ടി വോട്ടു മാത്രമാണു ലഭിച്ചത്. രണ്ടാം സീറ്റിൽ എൻസിയിലെ സജ്ജാദ് കിച്ലൂ 57 വോട്ട് നേടി വിജയിച്ചു. ബിജെപിക്ക് 28 വോട്ട് കിട്ടി. ഒരു എൻസി വോട്ട് അസാധുവായി.
മൂന്നും നാലും സീറ്റുകളിലേക്ക് ഒറ്റ വിജ്ഞാപനമായിരുന്നു പുറപ്പെടുവിച്ചിരുന്നത്. ഈ സീറ്റുകളിലേക്ക് നാഷണൽ കോൺഫറൻസ് ജി.എസ്. ഒബ്റോയി, ഇമ്രാൻ നബി ദാർ എന്നിവരെ മത്സരിപ്പിച്ചു.
സത് ശർമയായിരുന്നു ബിജെപി സ്ഥാനാർഥി. ഒബ്റോയി, സത് ശർമ എന്നിവർ വിജയിച്ചു. ഒബ്റോയിക്ക് 31 വോട്ടും ബിജെപി സ്ഥാനാർഥി സത് ശർമയ്ക്ക് 32 വോട്ടും ലഭിച്ചും.
എൻസിയിലെ ഇമ്രാൻ നബി ദാറിന് 21 വോട്ടാണു ലഭിച്ചത്. ബിജെപി സ്ഥാനാർഥിക്ക് നാലു വോട്ട് അധികം ലഭിച്ചു. സ്വതന്ത്രരുടേതാണ് ഈ വോട്ടുകളെന്നാണു നിഗമനം. നാഷണൽ കോൺഫറൻസിന് കോൺഗ്രസ്, സിപിഎം, പിഡിപി പാർട്ടികളുടെ പിന്തുണയുണ്ടായിരുന്നു.